Tuesday, February 17, 2009

മഴ

മഴ - ഒരു തൂവല്‍ സ്പര്‍ശം പോല്‍ എന്നെ തഴുകി തലോടുന്നവള്‍

എന്‍ കിളിവതിളിനോരം ഞാന്‍ കാതോര്‍ക്കും സ്വരം

ആകാശത്തിന്‍ തേങ്ങലോ , കളനാദമോ

അറിയില്ലെനിക്ക്‌...

ഹര്‍ഷ പുളകിതയായി വര്ഷത്തെ വരവേല്‍പ്പു ധരണി

മുളയ്ക്കുന്നു പുതു നാമ്പുകള്‍

പൊന്‍പ്രഭ തൂകും കര്മസാക്ഷി വര്‍ഷ മേഘങ്ങള്‍ക്കിടയില്‍ ഒളിക്കുന്നു

മറയുന്നു വയലുകള്‍, നിറയുന്നു ജലാശയങ്ങള്‍

താമരയിതളില്‍ രത്നകംഗണങ്ങള് ഒരുക്കി മഴത്തുള്ളികള്‍

പ്രകൃതിക്കായി ചാര്‍ത്താന്‍

രാവേറെ ചെന്നാലും നിലയ്ക്കാത്ത നിന്‍ സംഗീതത്തിനായി ഞാന്‍ കാതോര്‍ക്കുന്നു

ഒരു ചെറു പൈതലായി നിന്‍ മടിയില്‍ ചായാന്‍, തല ചായ്ച്ചുറങ്ങാന്

എന്‍ കിളിവാതില്‍ ചാരാതെ കാത്തിരിക്കുന്നു ഞാന്‍

നനുത്ത പ്രഭാതത്തില്‍ ഇടെക്കെന്‍ മിഴി പൂട്ടവേ

നിന്‍ തൂവല്‍ സ്പര്‍ശം ഓര്‍ക്കുന്നു ഞാന്‍

എല്ലാം ഒരു സ്വപ്നമെന്ന പോലെ

എന്‍ കിളിവാതില്‍ ചാരാതെ കാത്തിരിക്കുന്നു ഞാനിന്നും

നിനക്കായി....

പ്രണയ രോദനം

ഒരു നാള്‍ നിദ്രയുടെ ആലസ്യത്തില്‍

ഒരു വേണുഗാനം എന്‍റെ കാതില്‍ മുഴങ്ങി

അറിയാതെ എന്‍ മനം തുടിച്ചു നിനക്കായി

പിന്നെയും ആ കോലക്കുഴല്‍ വിളി കേട്ടു ഞാന്‍

നവനീത ചോരന്‍, കായാമ്പു വര്ണന്‍

അന്ഗുലിയില്‍ പര്‍വതത്തെ ചൂടുവോന്‍

ഞാന്‍ അറിയാതെ എന്‍ ശ്രീ കോവിലിന്‍ വാതില്‍ തുറന്നു നീ

വഴി അറിയാതെ ഉഴലും ഈ യാത്രികക്ക് തുണയായി നീ വരില്ലേ കണ്ണാ

എല്ലാം നിനക്കൊന്ന്- വെണ്ണയും മണ്ണും

എന്‍ പ്രേമ ചഷകത്തില്‍ മധു നിറച്ചു നീ

എങ്ങു പോയി എന്‍ കണ്ണാ

മരീചികയില്‍ നില്ക്കും മായ കണ്ണാ

ആയര്‍കുലത്തിന്‍ രക്ഷകാ

ദാമം ഉദരത്തില്‍ ധരിച്ചവനെ,

നിന്‍റെ പ്രണയ ദാമത്താല്‍്

എന്നെ ബന്ധനസ്ഥയാക്കൂ

മോഹിച്ചു പോകുന്നു ഞാന്‍

നിന്‍റെ കാല്‍ക്കല്‍ വീഴും പൂജാപുഷ്പമാകാന്‍

നിന്‍റെ പീലിതിരുമുടിയില്‍ ഒരിഴയാകാന്‍,

നിലയ്ക്കാത്ത കാളിന്ദി പ്രവാഹത്തില്‍

നീ എന്‍ രോദനം കേട്ടുവോ?

അമ്പാടി കണ്ണാ നിന്‍റെ ലീലകള്‍ പാടുവാന്‍ വാക്കുകള്‍ ഇല്ലെനിക്ക്

നിനക്കായി കണിയൊരുക്കി കാത്തിരിക്കും രാധിക ഞാന്‍

നിന്‍ മിഴിയില്‍ അഞ്ജനമെഴുതാന്‍ ഒരു കൂട് കണ്മഷി ഞാന്‍ ഒരുക്കി വച്ചു

അഹല്യയെപ്പോല്‍് ശിലയായി നില്‍ക്കാം ഞാന്‍ നിന്‍ പാദ കമലങ്ങള്‍ പതിയാന്‍

പരം യോഗി പരമപുരുഷ

നിന്‍ പാദം നമിക്കുന്നു ഞാന്‍

സംസാര സാഗരത്തില്‍ തകരുന്ന നൗകയില്‍ നിന്നെന്നെ

കരകയറ്റുക ശ്രീ വല്ലഭ...


സമര്‍പ്പണം

എന്നില്‍ സ്പന്ദിക്കുന്ന ഒരു ഹൃദയമുണ്ട്,

അക്ഷരകൂട്ടീന്ടെ നിറം മങ്ങാത്ത ചായമുണ്ട്,

എന്നില്‍ പറഞ്ഞു തീരാത്ത ഒരു നാവുണ്ട്,

ഒരായിരം കിനാക്കളുണ്ട്

തിര മുറിയാത്ത കടലിനെപ്പോല്‍്

നിത്യം ചലിക്കുന്ന മനസ്സുണ്ട്.

ഇതെന്‍ മനസ്സിന്‍റെ ബിംബം തെളിയും ദര്‍പ്പണം

സഹൃദയരെ കേള്‍ക്കുവിന്‍ ഈ നിശബ്ദ നാദം

ഇതു കൈരളിക്കെന്‍ സമര്‍പ്പണം.

ഇനിയും ഒരു ജന്മമുന്ടെങ്ങില്‍

നിന്‍ മകളായി പിറക്കാന്‍ ഞാന്‍ ചെയ്യും പ്രാര്‍ത്ഥന.

നിന്‍ അമൃത ദുഗ്ദ്ധം ആവോളം നുകരാന്‍

നിന്നില്‍ പിച്ച വച്ചു നടക്കാന്‍

ഇനിയും ഒരു ജന്മമുന്ടെങ്ങില്‍

നിന്‍ മകളായി പിറക്കാന്‍ ഞാന്‍ ചെയ്യും പ്രാര്‍ത്ഥന.